endosulfan bannedന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും ഉപയോഗവും സുപ്രീംകോടതി താല്‍ക്കാലികമായി നിരോധിച്ചു. എട്ടാഴ്ച്ചത്തേക്കാണ് നിരോധനം. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നിരോധനത്തെ എതിര്‍ത്തിരുന്നു. എന്‍ഡോസള്‍ഫാന് പകരമായുള്ള കീടനാശിനികള്‍ കണ്ടെത്തുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.

മനുഷ്യജീവനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും രാഷ്ട്രീയനേതൃത്വം സാമൂഹ്യപ്രതിബദ്ധത കാണിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച രണ്ട് സമിതികളും എട്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെ എന്ന് ഡി.വൈ.എഫ്.ഐയുടെ ഹരജി പരിഗണിക്കവേ സുപ്രീംകോടതി നേരത്തേ ചോദിച്ചിരുന്നു. എന്നാല്‍ ബദല്‍മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതുവരെ ഇത് സാധ്യമല്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം.