എഡിറ്റര്‍
എഡിറ്റര്‍
മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; സൈന്യത്തിനെതിരെ സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട് സുപ്രീംകോടതി; വിധിയുടെ പ്രസക്ത ഭാഗങ്ങള്‍
എഡിറ്റര്‍
Saturday 15th July 2017 3:46pm

ന്യൂദല്‍ഹി: പ്രത്യേക സൈനികാധികാര നിയമം നിലനില്‍ക്കുന്ന മണിപ്പുരില്‍ സൈന്യവും മറ്റ് സുരക്ഷാ സേനകളും നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഇന്ത്യന്‍ ആര്‍മിയുടെ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തി എന്ന് കരുതപ്പെടുന്ന 98 സംഭവങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനുമാണ് സി.ബി.ഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

കേസുകള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കാനും ഇതു സംബന്ധിച്ച് സി.ബി.ഐ ഡയറക്ടര്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സൈന്യത്തിനു മേലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഈ കൊലപാതകങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമുള്ള കമ്മീഷനുകള്‍, മണിപ്പൂര്‍, ആസാം ഹൈക്കോടതികള്‍ എന്നിവ അന്വേഷിച്ചു കഴമ്പുണ്ടെന്ന് കണ്ടെത്തിയ കേസുകളാണ് സി.ബി.ഐ അനേഷിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ചില കേസുകളില്‍ ഒന്നും ചെയ്യാനില്ല എന്നും കോടതി പറഞ്ഞു.

വിവാദമായ ചില സംഭവങ്ങള്‍ ഗണ്യമായ കാലപ്പഴക്കം ചെന്നവയാണെന്നെനും അതുകൊണ്ടു തന്നെ അവ പുനഃപരിശോധിക്കുന്നത് ഉചിതമായേക്കില്ല എന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ വാദത്തോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍, അതും നിരപരാധിയായ ഒരാളുടെ മരണം ഉള്‍പ്പെടുന്ന ഒരു കുറ്റകൃത്യമാണ് അതെങ്കില്‍, കാലവിളംബം എന്ന ഒരൊറ്റ കാരണം കൊണ്ട് അത് അന്വേഷിക്കാതിരിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


Dont Miss നഴ്സുമാരുടെ സമരം മാറ്റിവെച്ചു; ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച


ഈ മരണങ്ങളെക്കുറിച്ച അന്വേഷണ കമ്മീഷനുകള്‍, മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതികള്‍ എന്നിവ അന്വേഷിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങളേ പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ സ്വാധീനിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല. അങ്ങിനെയാണെങ്കില്‍ അതിനര്‍ഥം മണിപ്പൂരിലെ നിയമസമാധാനം തകര്‍ന്നു എന്നാണ്. അങ്ങിനെയാണെങ്കില്‍ അക്കാര്യത്തില്‍ ഇടപടാന്‍ ഇന്ത്യ സര്‍ക്കാറിനു ഉത്തരവാദിത്തമുണ്ടായിരുന്നു. അതുകൊണ്ടു ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ എല്ലാം സ്വാധീനിക്കപ്പെട്ടവയാണ് എന്ന വാദം അനാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ക്ക്–അടിമജോലി ചെയ്യുന്നവര്‍, കടത്തിക്കൊണ്ടുപോകപ്പെട്ട സ്ത്രീകള്‍, അഗതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍–ഇവര്‍ക്കൊക്കെ നീതിയ്ക്കായി ഭരണഘടനാ കോടതികളെ സമീപിക്കാനുള്ള അവകാശമാണ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കുന്നത്. അതാണ് ഇവിടെയും നടന്നിട്ടുള്ളത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നീതി കിട്ടാത്തതിനാലാണ് പരാതിക്കാര്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വന്നത്. അവരുടെ മുന്‍പില്‍ നീതിയുടെ വാതില്‍ കൊട്ടിയടയ്ക്കാന്‍ ഞങ്ങളുടെ ഭരണഘടനാപരമായ ചുമതല ഞങ്ങളെ അനുവദിക്കുന്നില്ല, മറിച്ച് അവര്‍ക്കു നീതി കിട്ടുന്നു എന്നുറപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൊല്ലപ്പെട്ടവര്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്നും അതുകൊണ്ടു ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല എന്ന അറ്റോര്‍ണി ജനറല്‍ വാദത്തോട് യോജിപ്പില്ല. സാമ്പത്തിക സഹായം എന്നത് ഒരു താല്‍ക്കാലിക ആശ്വാസമാണ്. അതുവച്ച് നാട്ടിലെ നിയമവാഴ്ചയെ മറികടക്കാനാവില്ല. അങ്ങനെവന്നാല്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുന്ന നിലവരും. തങ്ങളുടെ ഭരണാപരമായ നിയമബാധ്യത അതനുവദിക്കുന്നില്ല; അതുകൊണ്ടു അത് പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

അതുകൊണ്ട് അഞ്ച് ഓഫീസര്‍മാരടങ്ങിയ ഒരു ടീമിനെ നിയോഗിച്ച് പട്ടികയില്‍ പറഞ്ഞ കൊലപാതകങ്ങളെപ്പറ്റി കൊടുത്ത വിവരങ്ങള്‍ പഠിച്ച് , എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഈ വര്‍ഷം ഡിസംബര്‍ 31-നു മുന്‍പ് പൂര്‍ത്തിയാക്കി ആവശ്യമായ കേസുകളില്‍ കുറ്റപത്രം കൊടുക്കാന്‍ സി.ബി.ഐ ഡയറക്ടറോട് നിര്‍ദ്ദേശിക്കുന്നെന്നും സുപ്രീം കോടതി പറഞ്ഞു.

2010-12 വര്‍ഷങ്ങളില്‍ മണിപ്പൂരില്‍ നിയമം ലംഘിച്ച് 1,528 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. മണിപ്പൂരില്‍ സൈന്യം നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്സ്പ നിലവിലുണ്ടെങ്കിലും സൈന്യത്തിന് അമിതാധികാരം പ്രയോഗിക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1958ലാണ് മണിപ്പൂരില്‍ അഫ്സ്പ പ്രഖ്യാപിച്ചത്.

Advertisement