ന്യൂദല്‍ഹി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ അടിയന്തിരമായി വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പരീക്കറിന്റെ സത്യപ്രതിജ്ഞ തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പരീക്കര്‍ സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ കഴിഞ്ഞ് ഉടന്‍ തന്നെ ബി.ജെ.പി വിശ്വാസ വോട്ട് നേടണം എന്നാണ് കോടതി ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ ഉത്തരവ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.


Also Read: ‘ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഇനി ഇരിക്കില്ല’:ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് രാജിവെച്ചു


ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വാദം തള്ളിയ പരമോന്നത കോടതി കോണ്‍ഗ്രസിന് എത്ര എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് ചോദിച്ചു. ഈ വിവരം എന്തുകൊണ്ടാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നും കോടതി ചോദിച്ചു.

കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ ഇക്കാര്യം അറിയിച്ച് സത്യവാങ്മൂലം ഗവര്‍ണര്‍ക്ക് കൈമാറുന്നതിന് പകരം എന്തിനാണ് കോടതിയെ സമീപിച്ചത് എന്നും സുപ്രീം കോടതി ചോദിച്ചു.