ന്യൂദല്‍ഹി: വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറന്നുകൊടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പ്ലാന്റ് തുറക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ വിളപ്പില്‍ പഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. ഉപാധികളോടെയാണ് മാലിന്യം നിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്.

പോലീസ് സംരക്ഷണത്തോടെ വിളപ്പില്‍ ശാലയില്‍ മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാക്കണമെന്നാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയുടെത് ഇടക്കാല ഉത്തരവാണെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളത്തില്‍ മാലിന്യപ്രശ്‌നം വളരെ രൂക്ഷമാണ്. എവിടെയെങ്കിലും മാലിന്യം നിക്ഷേപിക്കേണ്ടേ?. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്’- കേസ് പരിഗണിച്ച ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണനും ദീപക് വര്‍മ്മയും വ്യക്തമാക്കി. ദിവസം 90 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

ഇത് ഇടക്കാല ഉത്തരവാണെന്നും കോടതി ഉത്തരവിന്റെ കോപ്പി ലഭിച്ച ശേഷം പിഴവ് കണ്ടെത്തി ഹൈക്കോടതിയെ സമീപിക്കുമെന്നും വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി വ്യക്തമാക്കി.

അതേസമയം ജനകീയ സമര സമിതിയുടെ പിന്തുണയോടെയല്ല പഞ്ചായത്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും പഞ്ചായത്ത് ഭരണകൂടം രാജിവെക്കണമെന്നും സമരസമിതി നേതാവ് ബുര്‍ഹാന്‍ വ്യക്തമാക്കി. പഞ്ചായത്ത് വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളിലിട്ടിരിക്കയാണ്. ജനങ്ങളുടെ ഇഷ്ടാനുസരണമല്ല പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.