ന്യൂദല്‍ഹി: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ ഇന്ന് വന്ന സുപ്രിംകോടതി വിധി നരേന്ദ്ര മോഡിക്ക് ക്ലീന്‍ചീറ്റ് നല്‍കുകയല്ല ചെയ്യുന്നതെന്ന് കോണ്‍ഗ്രസ്സ്. ഇന്നത്തെ കോടതി വിധിയെക്കുറിച്ച് വിശദീകരിക്കവേ കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വിയാണ് ഇത് പറഞ്ഞത്. കേസ് വിചാരണ കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെടുക മാത്രമാണു സുപ്രീംകോടതി ചെയ്തത്. ഇതിനര്‍ഥം മോഡിയെ കുറ്റവിമുക്തന്‍ ആക്കി എന്നല്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിയുടെ നടപടികളെ ബിജെപി നേതാവായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പോലും വിമര്‍ശിച്ചിട്ടുണ്ടേ മോഡി മുഖ്യമന്ത്രിയായി തുടരുന്നത് അപമാനകരമാണെന്നും റഷീദ് ആല്‍വി പറഞ്ഞു.

അതേസമയം, മോഡിക്കെതിരെ അന്വേഷണം വേണോ എന്ന കാര്യം വിചാരണ കോടതിക്കു തീരുമാനിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മോഡിക്കെതിരായ തെറ്റായ പ്രചാരണങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.