എഡിറ്റര്‍
എഡിറ്റര്‍
ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവെച്ചു: മോഡിക്ക് തിരിച്ചടി
എഡിറ്റര്‍
Wednesday 2nd January 2013 11:42am

ന്യൂദല്‍ഹി: ഗുജറാത്ത് ലോകായുക്തയായി ജസ്റ്റിസ് ആര്‍.എ. മേത്തയെ നിയമിച്ചത് സുപ്രീംകോടതി ശരിവച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരമില്ലാതെയാണ് ഗവര്‍ണര്‍ ജസ്റ്റിസ് മേത്തയെ ലോകായുക്തയായി നിയമിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലെ വാദം.

Ads By Google

ഇതുമായി ബന്ധപ്പെട്ട ഗുജറാത്ത് സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കു മന്ത്രിസഭാ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കാത്ത സാഹചര്യത്തില്‍ വിവേചനാധികാരം ഉപയോഗിക്കാമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

റിട്ട.ജസ്റ്റിസ് ആര്‍.എ മേത്തയുടെ നിയമനം ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

മുന്‍പ് ഗവര്‍ണര്‍ നേരിട്ട് നടത്തിയ ലോകായുക്ത നിയമനം ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഡി ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രിയോടോ സര്‍ക്കാരിനോടോ അലോചിക്കാതെയാണ് ലോകായുക്തയെ നിയമിച്ചതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി.

ലോകായുക്തയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പല സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കുകയും ലോകായുക്തയെ നിയമിച്ചിട്ടും എട്ട് വര്‍ഷത്തോളം ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചിരുന്നില്ല.

ഒടുവില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് റിട്ട.ജസ്റ്റിസ് ആര്‍.എ മേത്തയെ ലോകായുക്തയായി ഗവര്‍ണര്‍ കമല ബെനിവാള്‍ നിയമിച്ചത്.

എന്നാല്‍, ഗവര്‍ണര്‍ കൃത്യമായി കത്തിടപാടുകള്‍ നടത്തിയ ശേഷമാണ് ലോകായുക്തയെ നിയമിച്ചതെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

Advertisement