muringoor case ന്യൂദല്‍ഹി: പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുക്കളുടെ കാര്യത്തില്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസം മാനിച്ചുകൊണ്ടായിരിക്കും കോടതി വിധി പ്രസ്താവിക്കുക. എന്നാല്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ക്ഷേത്രസുരക്ഷക്കായി എല്ലാവരും വിട്ടുവീഴ്ച ചെയ്യണം. അത്യാര്‍ത്തിക്കാര്‍ക്ക് ക്ഷേത്രത്തില്‍ വിശ്വാസമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

ബി നിലവറ തുറക്കാതെ എങ്ങിനെ ക്ഷേത്രത്തിന് സംരക്ഷണം നല്‍കുമെന്നും ക്ഷേത്രത്തില്‍ വല്ലതും സംഭവിച്ചാല്‍ രാജകുടുംബം ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും കോടതി രാജകുടുംബത്തോട് ചോദിച്ചു. ക്ഷേത്ര സ്വത്തുക്കള്‍ പരിശോധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് തിരുവിതാം കൂര്‍ രാജകുടുംബം കോടതിയെ അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ നിലവറ തുറക്കരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തിയതിന് തിരുവിതാംകൂര്‍ രാജകുടുംബത്തെ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

കേസ് നടത്തുന്നത് കോടതിയിലോ ദേവപ്രശ്‌നക്കാരുടെ മുന്നിലോ എന്ന് ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, എ.കെ. പട്‌നായിക്ക് എന്നിവരടങ്ങുന്ന ബെഞ്ച് രാജകുടുംബത്തോട് ചോദിച്ചിരുന്നു. കോടതി നിയമിച്ച വിദഗ്ധസമിതിയെ രാജകുടുംബത്തിന് വിശ്വാസമില്ലേ എന്ന് ചോദിച്ച കോടതി ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് ശരിയല്ലെന്നും വ്യക്തമാക്കിയിരുന്നു.