ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രിംകോടതി. മറ്റ് നിലവറകളിലെ പരിശോധന പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

സുരക്ഷക്കും വിദഗ്ധ സമിതിക്കുമുള്ള ചെലവിനായി വര്‍ഷത്തില്‍ 25 ലക്ഷം രൂപ ക്ഷേത്രം നല്‍കണം. വിദഗ്ധ സമിതിക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി ദേവസ്വം സെക്രട്ടറിയെ നോഡല്‍ ഓഫീസറാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഇന്നത്തെ കോടതി വിധിയിലുണ്ട്.

സുരക്ഷക്ക് കേരളാ പോലീസ് മതിയെന്നും വിവിധ തലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. സാങ്കേതിക സഹായത്തിനായി കെല്‍ട്രോണിന്റെ സഹായം തേടിയാല്‍ മതിയെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ആര്‍.വിരവീന്ദ്രനും എ.കെ.പട്‌നായിക്കുമാണ് കേസ് പരിഗണിച്ചത്. കേസ് മൂന്നു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും. അപ്പോള്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സൂപ്രീം കോടതി ആവശ്യപ്പെട്ടു.

ആദ്യ വാതിലിനകത്തുള്ള ഉരുക്കു വാതിലിന്റെ പൂട്ടുതുറന്ന് അറയിലേക്കു കടക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണു ബി നിലവറ മറ്റു നിലവറകള്‍ക്കൊപ്പം തുറക്കാന്‍ കഴിയാതിരുന്നത്. മൂന്നു ഘട്ടങ്ങളിലായി നിലവറകളിലെ കണക്കെടുപ്പു നടത്താനാണു വിദഗ്ധ സമിതി കര്‍മ പദ്ധതി തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരോ ഇനത്തിന്റെയും വിവിധ തരത്തിലുള്ള മൂല്യം കണക്കാക്കും. പൗരാണികം, കലാപരം, നിത്യോപയോഗം എന്നീ വിഭാഗത്തിലാണ് മൂല്യം കണക്കാക്കുക. ഇതോടൊപ്പം തന്നെ അളവും പഴക്കവും തിട്ടപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ ഇതെല്ലാം കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. മൂന്നാം ഘട്ടത്തില്‍ ത്രിമാന ചിത്രീകരണം നടത്തും. പ്രകൃതി ദുരന്തങ്ങളില്‍ പോലും അറകള്‍ സുരക്ഷിതമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് സമിതി തീരുമാനിച്ചിട്ടുള്ളത്.