തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ തുറന്നുപരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് സുപ്രീംകോടതി അനുമതി നല്‍കി. ഇതോടെ അറകള്‍ തുറക്കുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന നിയമ തടസം നീങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ നിലനിന്ന ഒരു കേസുമായി ബന്ധപ്പെട്ട് കോടതി സി നിലവറ പൂട്ടി സീല്‍ ചെയ്തിരിക്കുകയായിരുന്നു. സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ മേല്‍നോട്ടത്തില്‍ മാത്രമെ നിലവറ തുറക്കാവൂ എന്നായിരുന്നു വിധി. സബ്‌കോടതിയുടെ ഈ വിധി മറികടന്ന് നിലവറ തുറക്കാനാണ് വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.

Subscribe Us:

നിലവറകള്‍ തുറക്കാനുള്ള പൂര്‍ണ അധികാരം വിദഗ്ധ സമിതിക്കാണെന്നും കണക്കെടുപ്പിനായി അറ തുറക്കുമ്പോള്‍ തിരുവനന്തപുരം സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷക കമ്മിഷന്‍ വിദഗ്ധ സമിതിക്കു കീഴിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്മിഷന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അഭിഭാഷക കമ്മീഷന്‍ സഹകരിക്കുന്നില്ലെങ്കില്‍ അവരെ മാറ്റാന്‍ സമിതിക്ക് അധികാരമുണ്‌ടെന്നും കോടതി പറഞ്ഞു.

അതേസമയം, ക്ഷേത്രത്തിലെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി സുരക്ഷാ കവചം ഒരുക്കാന്‍ പണം അനുവദിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷക്കായി ഇതിനോടകം തന്നെ സര്‍ക്കാര്‍ ധാരാളം പണം ചെലവഴിച്ചതായും സുരക്ഷാ കവചം ഒരുക്കാനുള്ള പണം ക്ഷേത്ര ഭരണസമിതി തന്നെ കണ്ടെത്തണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന് സുരക്ഷാ കവചമൊരുക്കാനുള്ള ചെലവ് എത്രയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ക്ഷേത്ര ഭരണസമിതിയോടും കോടതി നിര്‍ദേശിച്ചു.

Malayalam News

Kerala News In English