ന്യൂദല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. കേസില്‍ ഇരട്ട ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച തടിയന്റവിട നസീറും ഷഫാസുമാണ് ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കാന്‍ എന്‍.ഐ.എ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിദേശത്തായിരുന്ന ഷമ്മി ഫിറോസിനെ ദേശീയ അന്വേഷണ ഏജന്‍സി ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് അറസ്റ്റിലായ ഉടന്‍ ഷമ്മി ഫിറോസ് അപേക്ഷിച്ചിരുന്നു. പ്രധാന പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചത്. തടിയന്റവിട നസീര്‍ തന്നെ കുടുക്കി ഇതെല്ലാം ചെയ്യിക്കുകയായിരുന്നെന്ന് ഷമ്മി ഫിറോസ് മൊഴി നല്‍കി. കമ്മീഷ്ണര്‍ ഓഫിസിലും പത്ര ഓഫിസുകളിലും സ്‌ഫോടന വിവരം വിളിച്ചറിയിച്ചതു നസീറിന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്നും ഫിറോസ് മൊഴി നല്‍കിയിരുന്നു.

ഷമ്മി ഫിറോസിന്റെ ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് തടിയന്റവിട നസീറിനും ഷഫാസിനും എന്‍.ഐ.എ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Malayalam News

Kerala News In English