Categories

സ്വവര്‍ഗാനുരാഗികളുടെ എണ്ണമെത്ര? സുപ്രീംകോടതി

ന്യൂദല്‍ഹി: ഇന്ത്യയിലെ സ്വവര്‍ഗാനുരാഗികളുടെ എണ്ണമെത്രയെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സ്വവര്‍ഗരതി വിരുദ്ധരും രാഷ്ട്രീയ സാമൂഹിക മതസംഘടനകളും സമര്‍പ്പിച്ച ഹര്‍ജികളിലെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

സ്വവര്‍ഗാനുരാഗം എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്നുവെന്ന് നേരത്തെ കേസ് പരിഗണിച്ച സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് രോഗികളാണ്. ഇത് രാജ്യത്തിന് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ എത്ര സ്വവര്‍ഗാനുരാഗികളുണ്ടെന്നും അതില്‍ എത്രപേര്‍ എയ്ഡ്‌സ് രോഗികളാണെന്നുമുള്ള വിശദമായ വിവരം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇതിനുമുമ്പ് ഹരജി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിരുദ്ധ നിലപാട് വിവാദമായിരുന്നു. ഇതിനെ സുപ്രീംകോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗം അധാര്‍മികമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സ്വവര്‍ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നൂവെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റി. മുന്‍നിലപാട് മാറ്റിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ തുടര്‍ന്ന് നീതിന്യായ സംവിധാനത്തെ കളിയാക്കരുതെന്ന് ജസ്റ്റിസ് ജി.എസ്. സിങ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ ജയിനാണ് സര്‍ക്കാര്‍ പുതിയ നിലപാട് കോടതിയെ അറിയിച്ചിരുന്നത്. സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമല്ലെന്ന് വ്യക്തമാക്കുന്ന ദല്‍ഹി ഹൈക്കോടതിവിധിയില്‍ നിയമപരമായ പിഴവില്ലെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനുമുമ്പ് കേസ് പരിഗണിച്ചപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിനുവേണ്ടി ഹാജരായ മറ്റൊരു അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ പി.പി. മല്‍ഹോത്ര സ്വവര്‍ഗാനുരാഗത്തെ നിയമപരമാക്കുന്നതിനെ എതിര്‍ത്താണ് സംസാരിച്ചത്.

സ്വവര്‍ഗരതിയെ സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുവേണം സമീപിക്കേണ്ടതെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. മുന്‍പ് സ്വീകാര്യമല്ലാതിരുന്ന പലതും ഇപ്പോള്‍ സ്വീകാര്യമാണ്. വിവാഹം ഇല്ലാതെ ഒന്നിച്ചു ജീവിക്കുക, ഏക രക്ഷാകര്‍ത്താവ്, വാടകയ്ക്ക് ഗര്‍ഭപാത്രം തുടങ്ങിയവ ഉദാഹരണങ്ങളായി കോടതി ചൂണ്ടിക്കാട്ടി.

സ്വവര്‍ഗരതി നിയമവിധേയമാണെന്ന ഹൈക്കോടതി വിധി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സ്വവര്‍ഗരതി നിയമ വിരുദ്ധവും സന്മാര്‍ഗ്ഗത്തിനു നിരക്കാത്തതും ഭാരതീയ മൂല്യങ്ങള്‍ക്കെതിരും ആണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് ബി.പി. സിംഗാള്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അഖിലേന്ത്യാ മുസ്‌ളിം വ്യക്തിനിയമബോര്‍ഡ്, ഉത്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, അപ്പോസ്തലിക് ചര്‍ച്ചസ് അലയന്‍സ് തുടങ്ങി നിരവധി മത സാമൂഹ്യ ഗ്രൂപ്പുകളാണ് വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയത്.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.