ന്യൂദല്‍ഹി: അലഹബാദ് ഹൈക്കോടതിയിലെ അഴിമതിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ നീക്കാനാവില്ലെന്ന് സുപ്രീംകോടതി. പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈക്കോടതിയെക്കുറിച്ച നടത്തിയ പരാമര്‍ശം നീക്കംചെയ്യാന്‍ കഴിയില്ല. കോടതിയുടെ മൊത്തം നടത്തിപ്പിനെക്കുറിച്ചാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഇത് എല്ലാ ജഡ്ജിമാരെയും ലക്ഷ്യം വെച്ചല്ല. കഴിവുറ്റ ജഡ്ജിമാര്‍ അലഹബാദ് ഹൈക്കോടതിയില്‍ ഇപ്പോഴുമുണ്ട്- സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നായിരുന്നു സുപ്രീംകോടതി പരാമര്‍ശിച്ചത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.