Categories

പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിക്കല്‍: രാഹുലിന് സുപ്രീം കോടതി നോട്ടീസ്

rahul-gandhiന്യൂദല്‍ഹി: പെണ്‍കുട്ടിയെ തടഞ്ഞുവെച്ചുവെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ 50 ലക്ഷം രൂപ പിഴ ചുമത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും രാഹുലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് മറ്റ് നാലു പേര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.

പരാതിക്കാരനായ മുന്‍ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ കിഷോര്‍ സംറിതേക്കെതിരെയായിരുന്നു ഹൈക്കോടതി ഉത്തരവ്. പരാതിക്കാരനെതിരെ സി.ബി.ഐ അന്വേഷണത്തിനും ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ കിഷോര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ വി.എസ്. സിര്‍പുര്‍കര്‍, ടി.എസ്. താക്കൂര്‍ ബെഞ്ചിന്റെ നടപടി. യു.പി സര്‍ക്കാറും രാഹുലും നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കാണാനില്ലെന്നും അവരെ രാഹുല്‍ തടങ്കലില്‍ വെച്ചിരിക്കയാണെന്നും ചൂണ്ടിക്കാട്ടിയാണ് കിഷോര്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. എന്നാല്‍ രാഹുല്‍ ബന്ദിയാക്കിയെന്നാരോപിച്ച സുകന്യ എന്ന പെണ്‍കുട്ടിതന്നെ കോടതിയിലെത്തി ഇക്കാര്യം നിഷേധിച്ചതോടെയാണ് പരാതിക്കാരനെതിരെ നടപടിക്ക് കോടതി ഉത്തരവിട്ടത്. സുകന്യയുടെ ബന്ധുക്കളിലൊരാളായ ഗജേന്ദ്രപാല്‍ സിങ്ങും ഇതേ ആരോപണമുന്നയിച്ച് പരാതി നല്‍കിയിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള കോടതിയുത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവും യാന്ത്രികവുമാണെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എയായ കിഷോര്‍ ചൂണ്ടിക്കാട്ടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.