Administrator
Administrator
ശ്രേയാംസ്‌കുമാറിന്റെ ഭൂമി ഏറ്റെടുക്കല്‍: സുപ്രീംകോടതി സ്‌റ്റേ നല്‍കിയില്ല
Administrator
Thursday 1st September 2011 3:20pm

muringoor caseന്യൂദല്‍ഹി: സോഷ്യലിറ്റ് ജനതാ പാര്‍ട്ടി നേതാവും കല്‍പറ്റ എം.എല്‍.എയുമായ എം.വി ശ്രേയാംസ്‌കുമാര്‍ കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. കേസില്‍ രണ്ടാഴ്ചയ്ക്കകം കേരള ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

1943മുതല്‍ കൈവശം വയ്ക്കുന്ന ഭൂമിയാണെന്നും ഏറ്റെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ശ്രേയാംസ്‌കുമാറിനുവേണ്ടി ഹാജരായ അഡ്വ. നാഗേഷ് റാവു കോടതിയോട് ആവശ്യപ്പെട്ടു.

വയനാട് കൃഷ്ണഗിരി എസ്‌റ്റേറ്റില്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അനധികൃതമായി കൈവശംവച്ച 16 ഏക്കര്‍ ഭൂമി ഒരുമാസത്തിനകം സര്‍ക്കാരിനു കൈമാറണമെന്ന് ജൂണ്‍ 1ന് ഹൈക്കോടതി വിധിച്ചിരുന്നു. ഭൂമി കൈമാറിയില്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ഏറ്റെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭൂമിയേറ്റെടുക്കാന്‍ കോടതി നല്‍കിയ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടയിലാണ് ശ്രേയാംസ്‌കുമാര്‍ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ഭൂമിയേറ്റെടുക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നിട്ടും യാതൊരു മേല്‍ നടപടികളും സ്വീകരിക്കാതിരുന്ന സര്‍ക്കാരിനെ രണ്ടാഴ്ച മുന്‍പ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഏറ്റെടുക്കല്‍ നടപടി വൈകുന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട കോടതി ഓരോ പൗരനും ഓരോ നിതിയാണോ എന്നും ചോദിച്ചിരുന്നു.

വന്‍തോതില്‍ ഭൂമി സ്വന്തമായുള്ള ശ്രേയാംസ്‌കുമാര്‍ കൈവശഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച നടപടിയെ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

അതിനിടെ, ശ്രേയാംസ്‌കുമാര്‍ കൈവശം വെച്ചിരിക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ മാര്‍ച്ച് നടത്തി ഭൂമി പിടിച്ചെടുക്കുമെന്ന് എ.കെ.എസ് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം കൃഷ്ണഗിരി എസ്റ്റേറ്റിലേക്ക് എ.കെ.എസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എസ്‌റ്റേറ്റിലെത്തിയ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ കൊടിനാട്ടി ബോര്‍ഡ് വച്ചു. എന്നാല്‍ മാനന്തവാടി സബ്കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊടിയും ബാനറും അധികൃതര്‍ അഴിച്ചുമാറ്റിയത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

Advertisement