ന്യൂദല്‍ഹി: കള്ളപ്പണം തിരിമറിക്കേസ്സില്‍ ഹസന്‍ അലിഖാനെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കുറ്റപത്രത്തിനെതിരെ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. റവന്യു സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര കമ്മിറ്റിയെ അറിയിക്കാതെയും അതിന്റെ വിലയിരുത്തല്‍ കൂടാതെയും അവതരിപ്പിച്ചതുകൊണ്ടാണ് കോടതി വിമര്‍ശിച്ചത്.

ഈ കേസിനുവേണ്ടി രൂപീകരിച്ച കമ്മറ്റിക്കുമുമ്പാകെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ആശ്ചര്യം തോന്നുന്നുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഈ മാസം 4-ാം തീയ്യതിയാണ് എന്‍ഫോഴ്‌സ്‌മെന്റ്  കുറ്റപത്രം സമര്‍പ്പിച്ചത്.
ജസ്റ്റിസ് സുദര്‍ശന റെഡി, ജസ്റ്റിസ് നിജ്ജാര്‍ എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

പരാതിക്കാര്‍ക്ക് 900 പേജുകള്‍ വരുന്ന കുറ്റപത്രത്തിന്റെ കോപ്പി നല്‍കണമെന്നും കൊടതി നിര്‍ദ്ദേശിച്ചു. കളളപ്പണം തിരികെ പിടിച്ചെടുക്കുന്നതിനുവേണ്ടി പ്രശസ്ത നിയമവിദഗ്ധന്‍ രാംജത്മലാനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി