Administrator
Administrator
നദീസംയോജന പദ്ധതിക്ക് സുപ്രീംകോടതി അനുമതി
Administrator
Monday 27th February 2012 8:45pm

ന്യൂദല്‍ഹി: അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാര സമിതിയെ നിയോഗിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

കേരളത്തില്‍നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് തിരിച്ചുവിടുന്നതടക്കമുള്ളതാണ് നദീസംയോജന പദ്ധതി. 2002 ഒക്ടോബറില്‍ എന്‍.ഡി.എ സര്‍ക്കാരാണ് നദീസംയോജന പദ്ധതി അവതരിപ്പിക്കുന്നത്. രാജ്യം നേരിട്ട കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നത്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പദ്ധതി നടപ്പാക്കാന്‍ കര്‍മ്മസേന രൂപവത്കരിച്ചിരുന്നു. കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നതെല്ലാം പദ്ധതിയുടെ ഭാഗമാണ്.

എന്നാല്‍ ഈ പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പ് അന്നുമുതലേ ഉണ്ടായിരുന്നു. ഈയവസരത്തിലാണ് നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പദ്ധതിയോടുള്ള എതിര്‍പ്പ് സംസ്ഥാനങ്ങള്‍ ഉപേക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി വൈകുന്നത് ചെലവ് വന്‍തോതില്‍ ഉയരാന്‍ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്ത പങ്കാളിത്തം വഹിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര ജലവിഭവ, ധന, വനം-പരിസ്ഥിതി മന്ത്രാലയങ്ങളും കേന്ദ്ര ആസൂത്രണ കമീഷനും നിര്‍ദേശിക്കുന്ന നാലംഗ വിദഗ്ധ സംഘം, ഈ കേസില്‍ കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത് കുമാര്‍, രണ്ട് സര്‍ക്കാറിതര സന്നദ്ധ സംഘടനാ പ്രതിനിധികള്‍, മുഴുവന്‍ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ അടുങ്ങുന്നതായിരിക്കണം ഉന്നതാധികാര സമിതിയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Malayalam news

Kerala news in English

Advertisement