endosulfan bannedന്യൂദല്‍ഹി: വിവിധ പഠനറിപ്പോര്‍ട്ടുകള്‍ വരുന്നതുവരെ എന്‍ഡോസള്‍ഫാന് ഇടക്കാലനിരോധനമാകാമെന്ന് സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇത്തരത്തില്‍ അഭിപ്രായം പുറപ്പെടുവിച്ചത്.

കേസില്‍ വെള്ളിയാഴ്ച്ച കോടതി അന്തിമതീരുമാനമെടുക്കും. നേരത്തേ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിച്ച അഡി.സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നിരോധനത്തെ എതിര്‍ത്തിരുന്നു. കേന്ദ്രം നിയോഗിച്ച സംഘം പഠനം നടത്തുകയാണെന്നും ഈ അവസരത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

ഇതിനുള്ള മറുപടിയായിട്ടാണ് ഇടക്കാല നിരോധനം ആയിക്കൂടെ എന്ന് കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരും നിരോധനത്തിനെതിരേ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. നേരത്തേ കേസ് പരിഗണിച്ച സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസയച്ചിരുന്നു.