ന്യൂദല്‍ഹി: പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡാഫോണുമായി ബന്ധപ്പെട്ട നികുതി കേസില്‍ ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയ്‌ക്കെതിരായി നല്‍കിയ പൊതുതാല്‍പര്യ ഹരജി തള്ളി. ജസ്റ്റിസ് അഫ്താര്‍ ആലം, രഞ്ജന പി. ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പരാതിക്കാരനായ മനോഹര്‍ലാല്‍ ശര്‍മയ്ക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചു.

ഹച്ചിസണ്‍ എസ്സാറിന്റെ 67% ഓഹരികള്‍ വാങ്ങി ഇന്ത്യയില്‍ മൊബൈല്‍ സര്‍വീസ് ആരംഭിച്ചതിന് വോഡാഫോണ്‍ 220 കോടി ഡോളര്‍ (ഏകദേശം 11,000 കോടി രൂപ) നികുതി അടയ്ക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെയാണ് ശര്‍മ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. കേസ് പരിഗണിച്ച എസ്.എച്ച് കപാഡിയയ്ക്ക് വോഡാഫോണിനോട് പ്രത്യേക താല്‍പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ മകന്‍  ഹോഷ്‌നാര്‍ കപാഡിയ ജോലിചെയ്യുന്നത് ഏണ്‍സ്റ്റ് ആന്റ് യങ്ങ് എന്ന കമ്പനിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ശര്‍മ ഹരജി നല്‍കിയത്. ഹച്ചിന്‍സണ്‍ എസ്സാര്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 2007 കമ്പനിക്കാവശ്യമായ ഉപദേശം നല്‍കിയ കണ്‍സല്‍ട്ടന്‍സിയാണ് ഏണ്‍സ്റ്റ് ആന്റ് യങ്ങ്.

2007ല്‍ ഹച്ചിസണെ ഏറ്റെടുത്തപ്പോള്‍ വോഡാഫോണില്‍ നിന്ന് നികുതിയായി ഈടാക്കിയ 2500 കോടി രൂപ തിരിച്ചു നല്‍കാനും ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആദായനികുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. രണ്ടു മാസത്തിനകം നാലു ശതമാനം പലിശയോടെ കൂടി തുക തിരിച്ചു നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. വോഡാഫോണില്‍ നിന്ന് ആദായനികുതിയായി 2,500 കോടി രൂപ ഈടാക്കിയ നടപടി 2010ല്‍ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം വോഡാഫോണ്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ഇന്ത്യയ്ക്ക് പുറത്ത് വച്ച് നടന്ന ഈ ഇടപാടിനുമേല്‍ നികുതി ചുമത്താന്‍ ആദായ നികുതി വകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനെതിരായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കിയത്. ഹോംഗ്‌കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹച്ചിസണ്‍ എസാര്‍ ഗ്രൂപ്പിന്റെ 67 ശതമാനം ഓഹരികള്‍ 2007ലാണ് വോഡാഫോണ്‍ ഏറ്റെടുത്തത്. സിയാമന്‍ ഐലന്‍ഡില്‍ വച്ച് നടന്ന ഇടപാടിനായി 11.2 ബില്യണ്‍ ഡോളര്‍ ആണ് വോഡാഫോണ്‍ ചെലവാക്കിയത്.

Malayalam news

Kerala news in English