ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കണമെന്ന ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി പരിഗണിക്കുന്നത് വിചാരണ കോടതി നവംബര്‍ എട്ടിലേക്കു മാറ്റി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിധി വന്നശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

രാജയുടെ രാജിയുമായി ബന്ധപ്പെട്ട് സുബ്രമണ്യ സ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ വിധി വന്നതിന് ശേഷമേ ഇക്കാര്യം പരിഗണിക്കാനാവുകയുളളൂ എന്നാണ് വിചാരണ കോടതി അറിയിച്ചത്. ജഡ്ജി ഒ.പി.സെയ്‌നിയാണ് ഹരജി പരിഗണിക്കുന്നത്.

Subscribe Us:

സ്‌പെക്ട്രം ഇടപാട് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിനും സ്‌പെക്ട്രം വിതരണത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് സുബ്രഹ്മണ്യം ഹരജിയില്‍ പറയുന്നത്. 2ജി ഇടപാടുകളെ കുറിച്ച് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന് അറിയാമായിരുന്നുവെന്ന് കാണിച്ച് ധനമന്ത്രാലയം പ്രധാനമന്ത്രിക്കയച്ച എഴുത്തിന്റെ അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യം സ്വാമി അന്വേഷണത്തിന് ഹരജി സമര്‍പ്പിച്ചത്.