ന്യൂദല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മണിച്ചനുള്‍പ്പെടെ ജീവപര്യന്തം ശിക്ഷലഭിച്ച അഞ്ച് പേര്‍ നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം.

മണിച്ചന്റെ സഹോദരന്‍മാരായ കൊച്ചിനി, വിനോദ്കുമാര്‍ എന്നിവരുടെ ശിക്ഷയിലും ഇളവു നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. കേസിലെ 25ഉം 27ഉം പ്രതികളായ മനോഹരന്‍, സുരേഷ്‌കുമാര്‍ എന്നിവരുടെ ശിക്ഷ ഇളവ് ചെയ്തിട്ടുണ്ട്. ഇതുവരെ അനുഭവിച്ച തടവ് ശിക്ഷയായി കണക്കാക്കിയാണ് ഇളവ്.ജസ്റ്റിസ് സിര്‍പുര്‍ക്കറാണ് വിധി പുറപ്പെടുവിച്ചത്.

2000ല്‍ നടന്ന കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 31പേര്‍ മരിക്കുകയും 5 പേരുടെ കാഴ്ചനഷ്ടപ്പെടുകയും ചെയ്തിരുന്നു. മുഖ്യപ്രതിയായ മണിച്ചനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് വിചാരണകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പത്ത് വര്‍ഷത്തോളം തടവ് അനുഭവിച്ചതായും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നുമാണ് മണിച്ചന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് മദ്യവില്പനയ്ക്കിടെ
സംഭവിച്ച അപകടമാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ ഇനിയൊരിക്കലും മദ്യവ്യാപാരം നടത്തില്ലെന്നും മണിച്ചന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെ ഒരപകടമായി കാണാനാവില്ലെന്നും ഗുരുതരമായ കുറ്റകൃത്യമാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ വ്യാജമദ്യത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തെ കോടതി വിമര്‍ശിച്ചു. ഇത്തരം ദുരിതങ്ങളുടെ പ്രത്യാഘാതങ്ങള്‍ പാവപ്പെട്ടവരെയാണ് ബാധിക്കുന്നതെന്നും ഉന്നതര്‍ ഇതില്‍ നിന്നും രക്ഷപ്പെടുകയാണെന്നും കോടതി നീരീക്ഷിച്ചു.

കല്ലുവാതുക്കല്‍ ദുരന്തമുണ്ടായിട്ട് പത്ത് വര്‍ഷത്തിനുശേഷവും ആളുകള്‍ ഇതിന്റെ ദുരിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരെയും പോലീസുകാരെയും ഉദ്യോസ്ഥരേയും മണിച്ചന്‍ വിലക്കെടുത്തതായാണ് ഈ കേസില്‍ കാണാനായത്. ഇത്തരം വ്യവസ്ഥിതികളില്‍ മാറ്റമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.