എഡിറ്റര്‍
എഡിറ്റര്‍
പത്മനാഭസ്വാമി ക്ഷേത്രത്തിലും പരിസരത്തും കയ്യാങ്കളി വേണ്ടെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Thursday 9th August 2012 12:49pm

ന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലും പരിസരത്തും ക്രമസമാധാനം നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി. ഇതിനായി വേണ്ടത് ചെയ്യാനും സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ തള്ളിക്കയറി നാശമുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം.

Ads By Google

കഴിഞ്ഞ ദിവസം ഐ.എന്‍.ടി.യു.സിക്കാര്‍ തള്ളിക്കയറിയത് ഗുരുതര സുരക്ഷാ വീഴ്ചയായിട്ടും പോലീസ് പ്രതികരിക്കാന്‍ തയാറായില്ലെന്ന് ക്ഷേത്രത്തിന്‌ വേണ്ടി ഹാജരായ അഡ്വ. കെ.കെ വേണുഗോപാല്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ സ്ഥലം ഉപയോഗിക്കുന്ന അഞ്ച് തൊഴിലാളി സംഘടനകളും പുറമെ നിന്നുള്ളവരുമാണ് സ്ഥിരം പ്രശ്‌നക്കാരെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ പരിസരത്തും ക്ഷേത്രത്തിനുള്ളിലും ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ലിസ് മാത്യുവിനോട് നിര്‍ദേശിച്ചത്.

കോടതി നിയോഗിച്ച വിദഗ്ധ സമിതിയെ കേസില്‍ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും ജസ്റ്റിസുമാരായ ആര്‍.എം ലോധയും എ.കെ പട്‌നായിക്കും നിര്‍ദേശിച്ചു.

ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താന്‍ കോടതി നിയോഗിച്ച സമിതിക്ക് നിലവില്‍ കോടതിയില്‍ പ്രതിനിധികളില്ലാത്ത സാഹചര്യത്തിലാണ് അമിക്കസ് ക്യൂറിയെ നിയമിക്കാന്‍ നിര്‍ദേശിച്ചത്. ഈ മാസം 23ന് അമിക്കസ് ക്യുറിയെ നിയമിക്കും.

Advertisement