എഡിറ്റര്‍
എഡിറ്റര്‍
ഹജ്ജിന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Monday 16th April 2012 1:24pm

ന്യൂദല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയത്തില്‍ സുപ്രീംകോടതിയുടെ തിരുത്ത്.  ഹജിന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ ഹജ് നയം പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.

പ്രധാനമന്ത്രിയുടെ സംഘത്തിലെ അംഗസംഖ്യ ഉടന്‍ മൂന്നോ നാലോ ആയി കുറയ്ക്കുമെന്ന് പുതിയ ഹജ്ജ് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സൗഹൃദ സംഘമേ വേണ്ട എന്നാണ് കോടതിയുടെ നിലപാട്. ഹജ്ജ് വാണിജ്യ സംരഭമല്ലെന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരോട് കോടതി വ്യക്തമാക്കി. പുതിയ ഹജ് നയം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അവ ഏപ്രില്‍ 23 നകം സമര്‍പ്പിക്കാനും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.

നിലവില്‍ 32 പേരാണ് പ്രധാനമന്ത്രിയുടെ ഹജ് സംഘത്തിലുള്ളത്. ഇത് പത്തായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. 1966 ലാണ് ഹജ്ജ് സംഘത്തെ അയയ്ക്കാന്‍ തുടങ്ങിയത്. 1965 ല്‍ പാക്കിസ്ഥാനില്‍ നിന്നും ഹജ് സംബന്ധിച്ച് ഉയര്‍ന്ന പ്രസ്താവനകള്‍ക്കു ശേഷമാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തെ അയയ്ക്കാന്‍ തുടങ്ങിയത്.

പുതിയ ഹജ് നയമനുസരിച്ച് ഒരാള്‍ക്ക് ഒരുതവണ മാത്രമേ സബ്‌സിഡി നല്‍കൂ. 70 വയസ്സു കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ സബ്‌സിഡി ആനുകൂല്യം നല്‍കും. നാലുതവണ നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടും ഹജ് യാത്രക്കുള്ള ഭാഗ്യം ലഭിക്കാത്തവര്‍ക്ക് അടുത്ത പ്രാവശ്യം നറുക്കെടുപ്പില്ലാതെ തന്നെ സബ്‌സിഡി നല്‍കാനും പുതിയ നയത്തില്‍ വ്യവസ്ഥയുണ്ട്. ഹജ് സബ്‌സിഡി നല്‍കുന്നത് സുതാര്യമല്ലെന്ന പരാതികളെത്തുടര്‍ന്നാണ് വ്യക്തമായ നയരൂപീകരണം നടത്താന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Advertisement