ന്യൂദല്‍ഹി:കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. കരാറിലെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ അഭിപ്രായം. ഒത്തുതീര്‍പ്പ് നിയമവിരുദ്ധമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍. ഇന്ത്യന്‍ നിയമവ്യവസ്ഥയെ പരാജയപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരം ഒത്തുതീര്‍പ്പുവ്യവസ്ഥയ്‌ക്കെതിരേ നടപടി സ്വീകരിക്കാഞ്ഞതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തെക്കുറിച്ച് ബോധവാനല്ലായിരുന്നുവെന്നാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചത്.

ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് പ്രകാരമാണ് ഒത്തുതീര്‍പ്പ് നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിപ്രകാരമാണിത്. വ്യവസ്ഥകളുടെ കരട് ഹൈക്കോടതി പരിശോധിച്ചിരുന്നുവെന്നും കേരളം അറിയിച്ചു. ഹൈക്കോടതി പരിശോധിച്ച കരട് ലോക് അദാലത്ത് പരിശോധിക്കുകയും  ലോക് അദാലത്തിന് മുമ്പില്‍ വച്ചുതന്നെ അവര്‍ കരാറില്‍ ഒപ്പുവയ്ക്കുകയാണുണ്ടായത്. ഒപ്പുവെച്ച സമയത്തുതന്നെ കരാര്‍ തുകയും കൈമാറിയതായി സംസ്ഥാനം അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത്തരമൊരു കേസില്‍ ലോക് അദാലത്തില്‍ വെച്ചല്ല ഒത്തുതീര്‍പ്പുണ്ടാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ആര്‍.എം. ലോധയും എച്ച്.എല്‍. ഗോഖലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം കര്‍ശനമായ ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ ഏത് സമയത്തും കപ്പലും ജീവനക്കാരെയും ഹാജരാക്കാമെന്നുള്ള ഉറപ്പും നിശ്ചിത തുകയുടെ ബാങ്ക് ഗ്യാരണ്ടിയും വാങ്ങി കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി വാങ്ങിയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. വെടിവെയ്പിനിരയായ ബോട്ടുടമ ഫ്രെഡ്ഡിക്ക് 17 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിരുന്നു. ഒത്തുതീര്‍പ്പിന്റെ ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ കോടതിയിലോ പുറത്തോ ബന്ധുക്കളുടെ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നില്ല. നഷ്ടപരിഹാര തുകയുടെ ഡിഡിയും അധികൃതര്‍ ഇവര്‍ക്ക് കൈമാറിയിരുന്നു. ഒത്തുതീര്‍പ്പിനെ നേരത്തെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.

Malayalam News

Kerala News in English