ന്യൂദല്‍ഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. മണിപ്പൂരിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കൃത്യമായി ഇടപെടുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മണിപ്പൂരില്‍ തുടരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന സര്‍ക്കാരും അങ്ങേയറ്റത്തെ ഗൗരവത്തോടെ കാണണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് അഫ്ത്ബ് അലം, രഞ്ജന ദേശായി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

ആളുകള്‍ പരസ്പരം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. ഇത് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നടപടികളെല്ലാം ഇതില്‍ കൈക്കൊള്ളണം- ബെഞ്ച് അറിയിച്ചു. ഡിസംബര്‍ 3 ന് മറുപടി അറിയിക്കണമെന്നും ഡിസംബര്‍ ആറിന് കേസ് വീണ്ടും കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളായ 1528 പേരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ഗൂജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നത് കൂടുതലും സാധാരണക്കാരാണെന്നും മണിപ്പൂരിലെ സുരക്ഷാ സേനയാണ് ഇതിന് പിന്നിലെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംഘടനയുടെ നേതൃത്വത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ മനുഷ്യാവകാശ സംഘടന പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട കോടതി മേനക ഗുരുസ്വാമിയെ കേസിലെ അമിക്കസ് ക്യൂറിയായി ഇതിന് മുന്‍പ് നിയമിച്ചിരുന്നു.

1979 മുതല്‍ മണിപ്പൂരില്‍ നടന്ന ഓരോ വ്യാജ ഏറ്റുമുട്ടല്‍ കേസിലേയും വിശദമായ വിവരങ്ങള്‍ നല്‍കിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

പത്തിലധികം കേസില്‍ ദൃക്‌സാക്ഷികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പല കേസുകളിലും തീവ്രവാദികളെന്ന പേരിലാണ് സാധാരണക്കാരെ കൊന്നതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. യുവാക്കളെ ഒരു കാരണവുമില്ലാതെ പിടിച്ചുകൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്നും പരാതികളില്‍ വ്യക്തമാക്കുന്നു.

മണിപ്പൂരിലെ വ്യാജഏറ്റുമുട്ടല്‍ അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിക്കണമെന്നും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു