എഡിറ്റര്‍
എഡിറ്റര്‍
ദയാ ഹരജിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കാം: സുപ്രീം കോടതി
എഡിറ്റര്‍
Tuesday 21st January 2014 12:19pm

supreme-court-new-2

ന്യൂദല്‍ഹി: ദയാ ഹരജിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് പി.സദാശിവന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

ദയാഹരജിയിന്മേല്‍ നടപടിയെടുക്കുന്നത് അന്യായമായി വൈകരുതെന്നും ഉത്തരവില്‍ പറയുന്നു.

ദയാ ഹരജി തള്ളിയാല്‍ ആ വിവരം ബന്ധുക്കളെ എത്രയും വേഗം അറിയിക്കണം. തുടര്‍ന്ന് 14 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ദയാഹരജി തീര്‍പ്പാക്കാന്‍ വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി വിലയിരുത്തി. ദയാഹരജി തള്ളിയാല്‍ മാത്രമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഏകാന്തതടവില്‍ പാര്‍പ്പിക്കാവുള്ളു എന്നും കോടതി പറഞ്ഞു.

അതല്ലാതെയുള്ള ഏകാന്ത തടവ് മൗലികാവകാശത്തിന്റെ ലംഘനമാണ്.. അതിനാല്‍ ദയാഹരജി തള്ളിയതിന് ശേഷം മാത്രമേ പ്രതിയെ ഒറ്റയ്‌ക്കൊരു സെല്ലില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

അതോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ജയിലില്‍ നിയമസഹായം ലഭിക്കാത്ത പല അവസരങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

പ്രതികളുടെ ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതിന്റെ ചുമതല ജയില്‍ സൂപ്രണ്ടിനായിരിക്കുമെന്നും കോടതി പറഞ്ഞു.

രാഷ്ട്രപതി ദയാഹരജി തള്ളിയ 15 പേരുടെ വധശിക്ഷ  ജീവപര്യന്തമായി കുറച്ചു കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കും ഈ ഉത്തരവ് ബാധകമാകും. മുരുകന്‍,പേരറിവാളന്‍,ശാന്ത എന്നിവരുടെ ദയാഹരജികള്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്.

ഇവരുടെ ദയാഹരജി 1999 മുതല്‍ രാഷ്ട്രപതിയുടെ പരിഗണനയിലായിരുന്നു. 2011ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ ദയാഹരജി തള്ളുകയും 2011 സെപ്റ്റംബര്‍ ഒന്‍പതിനു വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍, തീരുമാനമെടുക്കാന്‍ 11 വര്‍ഷത്തിലേറെ വൈകിയെന്നാരോപിച്ചു പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു വധശിക്ഷ നടപ്പാക്കുന്നതു സ്‌റ്റേ ചെയ്യുകയായിരുന്നു.

പ്രതികള്‍ക്കനുകൂലമായി തമിഴ്‌നാട്ടില്‍ ജനവികാരം ശക്തമായതിനാല്‍ കേസ് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്ന ഹരജിയെ തുടര്‍ന്നാണു സുപ്രീം കോടതി കേസ് പരിഗണിച്ചത്.

അതേപോലെ വീരപ്പന്റെ നാല് അനുയായികളുമായി ബന്ധപ്പെട്ട കേസിലും ഈ വിധി സ്വാധീനിക്കും.

22 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് 2004 മുതല്‍ കര്‍ണാടക ജയിലില്‍ കഴിയുകയാണ് ജ്ഞാനപ്രകാശ്, സൈമണ്‍,മീശേകര്‍ മദയ്യ,ബിലാവേന്ദ്രന്‍ എന്നിവര്‍.

ടാഡാ കോടതി 2001ല്‍ വിധിച്ച ജീവപര്യന്തം തടവ് 2004ലാണ് സുപ്രീം കോടതി വധശിക്ഷയാക്കിയത്. 2004ല്‍ തന്നെ പ്രതികള്‍ രാഷ്ട്രപതിക്കു ദയാഹര്‍ജിയും നല്‍കി.

ഒന്‍പതു വര്‍ഷത്തിനു ശേഷം 2013 ഫെബ്രുവരിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹരജി തള്ളി. ഇതിനെതിരെ നല്‍കിയ ഹരജിയില്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി ഇടക്കാലത്തേക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു.

 

Advertisement