എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീം കോടതി
എഡിറ്റര്‍
Tuesday 26th November 2013 2:22pm

supreme-court-new-2

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീം കോടതി. മുന്‍ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

നിയമത്തിന്റെ അഭാവത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആധാര്‍ കാര്‍ഡ് പാര്‍ലമെന്റ് പാസ്സാക്കുമെന്ന് മാത്രമാണ് കേന്ദ്രം പറയുന്നത്.

ഇത് അര്‍ത്ഥശൂന്യമാണ്. നിയമം രൂപീകരിക്കുന്നതിന് മുന്‍പ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും പിന്നീട് വേണ്ടെന്ന് വെക്കുകയും ചെയ്താല്‍ ആ നിയമം തന്നെ അപ്രസക്തമാവില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.

സ്വമേധയാ ആധാര്‍ നല്‍കുന്നതിലുടെയുള്ള പ്രത്യാഘാതം വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വിവരങ്ങള്‍ വിദേശത്തേക്ക് നല്‍കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ആധാര്‍ കാര്‍ഡ് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി സെപ്തംബറില്‍ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിക്കുകയായിരുന്നു.

ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. പാചക വാതക സബ്‌സിഡി ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും ആവശ്യപ്പെട്ടിരുന്നു.

സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും ആധാര്‍ ഇല്ലെങ്കില്‍ പാചകവാതക സബ്‌സിഡി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആധാര്‍ കാര്‍ഡില്ലെങ്കില്‍ എല്‍.പി.ജി വിതരണം നിലയ്ക്കുമെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചിട്ടുണ്ട്.

Advertisement