എഡിറ്റര്‍
എഡിറ്റര്‍
മുല്ലപ്പെരിയാര്‍ പഠനറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 10 ദിവസത്തിനുള്ളില്‍ കൈമാറണം: സുപ്രീംകോടതി
എഡിറ്റര്‍
Friday 31st August 2012 12:29pm

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പഠനറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 10 ദിവസത്തിനുള്ളില്‍ കേരളത്തിനും തമിഴ്‌നാടിനും നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

സാങ്കേതിക തകരാര്‍ മൂലമാണ് പകര്‍പ്പ് ഇതുവരെ നല്‍കാന്‍ കഴിയാഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ പകര്‍പ്പ് നല്‍കാന്‍ കോടതി രജിസ്ട്രിയോട് നിര്‍ദേശിക്കുകയായിരുന്നു. ഒക്‌ടോബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

Ads By Google

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും മറ്റും സംബന്ധിച്ച ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകളെല്ലാം കേരളത്തിന് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഇതുവരെയും കേന്ദ്രം നടപടിയെടുത്തിരുന്നില്ല.

വിദഗ്ധ പഠനങ്ങളുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെല്ലാം ലഭ്യമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തങ്ങളുടെ വാദം തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ജൂലായ് 23ന് ഇക്കാര്യം അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ജലവിഭവമന്ത്രാലയം നടപടിയെടുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സ്‌കാന്‍ ചെയ്ത് ഡിസ്‌കിലാക്കി കേരളത്തിനും തമിഴ്‌നാടിനും നല്‍കുക, കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ പരിശോധനയ്ക്ക് റിപ്പോര്‍ട്ടിന്റെ അഞ്ച് പകര്‍പ്പുകള്‍ വിതരണം ചെയ്യുക എന്നീ കാര്യങ്ങള്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാനായി ജലവിഭവമന്ത്രാലയം സുപ്രീംകോടതി രജിസ്ട്രിയില്‍ അപേക്ഷ നല്‍കിയിരുന്നില്ല. നാലാഴ്ചയ്ക്കകം കൈമാറണമെന്നായിരുന്നു അന്ന് കോടതി നിര്‍ദേശിച്ചിരുന്നത്.

Advertisement