ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സുപ്രീം കോടതി. സുരക്ഷയക്കായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ നിലയം പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അത് ഉറപ്പുവരുത്താന്‍ നിയത്തിന് കഴിഞ്ഞില്ലെങ്കില്‍ നിലയത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.[innerad]

സുരക്ഷാ ഭീഷണിയാണ് കൂടംകുളത്തെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി നിലയത്തിനടുത്ത പ്രദേശങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കൂടംകുളം സമരം പുതിയ രൂപത്തിലേക്ക് നീളുകയാണ്. കൂടംകുളത്തെ ആണവനിലയം അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ സമരക്കാര്‍ ഉപരോധിച്ചിരുന്നു.

ആണവനിലയത്തില്‍ ഇന്ധനം നിറച്ചിട്ട് നാളുകളേറെയായെങ്കിലും അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് മത്രമാണ് നിലയം കമ്മീഷന്‍ ചെയ്യാതിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആണവ വിരുദ്ധ സമിതിയുടെ തീരുമാനം. ആണവനിലയം സുരക്ഷിതമല്ലെന്ന് കാണിച്ചാണ് സമിതി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് കമ്മിറ്റികളും നിലയം സുരക്ഷിതമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫുകുഷിമയിലുണ്ടായ ആണവ ദുരന്തം നേരിടാന്‍ വികസിത രാജ്യമായ ജപ്പാന് പോലും സാധ്യമായിരുന്നില്ലെന്നും അപ്പോള്‍ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്നുമാണ് ആണവ വിരുദ്ധ സമിതി ചോദിക്കുന്നത്.

ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാവ് എസ്.പി ഉദയകുമാറിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വരുന്ന ഗ്രാമവാസികള്‍ കടലിലിറങ്ങി പ്രതിഷേധിച്ചിരുന്നു.