ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ കഴിയുന്ന വിധവകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ മുറിച്ച് ബാഗുകളിലാക്കി ഉപേക്ഷിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി. വിധവകളുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്ന രീതിയില്‍ സുപ്രീംകോടതി കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ഡി.കെ ജെയ്ന്‍, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഞെട്ടല്‍ രേഖപ്പെടുത്തിയത്. വൃന്ദാവന്‍ കേന്ദ്രത്തില്‍ മരിക്കുന്ന വിധവകളുടെ ശരിയായ അന്ത്യകര്‍മമെങ്കിലും ഉറപ്പ് വരുത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

Ads By Google

മഥുര സിവില്‍ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ മൃതദേഹങ്ങള്‍  ശരിയായ വിധത്തില്‍ മറവ് ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചത്. പണമില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടക്കുന്നില്ലെന്നും മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി  വലിയ ബാഗില്‍ തള്ളുകയാണെന്നും നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (നല്‍സ)ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എല്‍. നാഗേശ്വര്‍ റാവു കോടതിയെ ബോധിപ്പിച്ചു.

വിധവകളുടെ കരളലിയിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി നല്‍സയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വിധവകള്‍ക്ക് അടിയന്തര സഹായവും ഭക്ഷണവും നല്‍കാനും മഥുര സിവില്‍ ഹോസ്പിറ്റലില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം ആഴ്ചയില്‍ രണ്ട് പ്രാവശ്യം സന്ദര്‍ശിക്കാനും അടിസ്ഥാന ശുചിത്വ സൗകര്യമേര്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിധവകളുടെ കഷ്ടസ്ഥിതി സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയല്ലാതെ ഒരു നടപടിയും സ്വീകരിക്കാത്തതിന് ദേശീയ വനിതാ കമ്മീഷനെയും ഉത്തര്‍പ്രദേശ് വനിതാ കമ്മീഷനെയും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായ പങ്ക് വഹിക്കണമെന്നും നിര്‍ദേശമുണ്ട്.  വിധവകള്‍ക്ക് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ദി എന്‍വയോണ്‍മെന്റല്‍ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയും പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.

രാജ്യത്തുടനീളം പൊതു കക്കൂസ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കണ്‍ഷ്യസ്‌നെസ്സ് ആന്റ് സുലഭ് ഇന്റര്‍നാഷണലുമായി ബന്ധപ്പെടാന്‍ നല്‍സയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. വൃന്ദാവനിലെ നാല് മന്ദിരങ്ങളിലായി 1790 വിധവകളാണ് താമസിക്കുന്നത്.