ന്യൂദല്‍ഹി: കുട്ടികളെ സര്‍ക്കസില്‍ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി. ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്താനായി റെയ്ഡ് നടത്തണമെന്നും കുട്ടികളെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെ സര്‍ക്കസില്‍ ഉപയോഗിക്കുന്നതിനെതിരേ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

എല്ലാ സംസ്്ഥാനങ്ങളും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിനോടും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികളെ സര്‍ക്കസില്‍ ഉപയോഗിക്കുന്നതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സുപ്രീംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.