എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യതയ്ക്കുള്ള അവകാശം അനിയന്ത്രിതമല്ല; ഭരണകൂട നിയന്ത്രണങ്ങള്‍ക്ക് വിധേയം: ആധാര്‍ കേസില്‍ സുപ്രീം കോടതി
എഡിറ്റര്‍
Thursday 20th July 2017 8:30am

ന്യൂദല്‍ഹി: പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം അനിയന്ത്രിതമല്ലെന്നും ഭരണകൂടത്തിന്റെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം, സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമല്ലെന്ന അവസ്ഥയുണ്ടായാല്‍ അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മറ്റ് മൗലികാവകാശങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു.

സ്വകാര്യതയെ അവകാശമായി പരിഗണിക്കുന്നതിനു മുമ്പ് അതിനെ കൃത്യമായി നിര്‍വചിക്കേണ്ടതുണണ്ട്. എന്നാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ മൗലികാവശങ്ങളിലും സ്വകാര്യതയുടെ ഘടകം പരന്നുകിടക്കുന്നതിനാല്‍ അത്തരമൊരു നിര്‍വചനം അസാധ്യമാണെന്നും കോടതി വ്യക്തമാക്കി.

ആധാര്‍ പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചിലചോദ്യങ്ങളും ഹര്‍ജിക്കാരനോട് കോടതി ഉയര്‍ത്തി.

‘എങ്ങനെയാണ് നമ്മള്‍ സ്വകാര്യതയെന്നതിനെ നിര്‍വചിക്കുക? എന്തൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്? അതിന്റെ രൂപരേഖയെങ്ങനെയാണ്? എങ്ങനെയാണ് ഭരണകൂടത്തിന് സ്വകാര്യത നിയന്ത്രിക്കാനാവുക? ഒരു വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഭരണകൂടം എന്തൊക്കെയാണ് ചെയ്യേണ്ടത്?’ ജസ്റ്റിസ് ചന്ദ്രചൗന്ദ് ചോദിച്ചു.


Must Read: ‘തല വെട്ടാന്‍ പറയുന്നില്ല  ആസിഡ് ഒഴിക്കുകയോ മുറിവ് ഏല്‍പ്പിക്കുകയോ വേണം ‘; ദീപാ നിഷാന്തിനെ ആക്രമിക്കാന്‍ സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം


സ്വകാര്യതയെന്നതിനെ നിര്‍വചിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു.

സ്വാതന്ത്ര്യവും സ്വകാര്യതയും പ്രകൃതിനിയമങ്ങളാണെന്നും സ്വകാര്യതയില്ലാത്ത സ്വാതന്ത്ര്യം അപൂര്‍ണമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഭരണഘടനയില്‍ പരാമര്‍ശമില്ലെന്നതുകൊണ്ടുമാത്രം സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാകുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി.

19(1) (എ) അനുഛേദത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന് അവകാശം വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍, ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ മാധ്യമസ്വാതന്ത്ര്യവും ഉള്‍ക്കൊള്ളുന്നുവെന്നാണ് ഭരണഘടന രൂപീകരിച്ചവര്‍ ഉദ്ദേശിച്ചത്. ഈ സാഹചര്യത്തില്‍ സ്വകാര്യതയ്ക്കുള്ള അവകാശവും അനുച്ഛേദത്തില്‍ അന്തര്‍ലീനമാണെന്ന് സോളി സൊറാബ്ജി വാദിച്ചു.

സ്വകാര്യതയ്ക്കുള്ള അവകാശം ഒരു സാധാരണ നിയമമാണെന്നും അത് മൗലികാവകാശങ്ങളുടെ ഭാഗമാക്കിക്കൊണ്ട് ഭരണഘടനാ നിര്‍മ്മാതാക്കള്‍ മനപൂര്‍വ്വം അതിനെ ഒഴിവാക്കുകയാണ് ചെയ്തതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.

ഏത് മതത്തില്‍ വിശ്വസിക്കണമെന്നതുള്‍പ്പെടെയുള്ള അവകാശങ്ങള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ അധിഷ്ഠിതമാണെന്നായിരുന്നു ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം. ഭരണഘടനാ പരമായി സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് ഭരണകൂടത്തിന്റെ കടന്നുകയറ്റത്തില്‍ നിന്നുള്ള വെറും സംരക്ഷണം മാത്രമല്ലെന്നും അദ്ദേഹം വാദിച്ചു.

‘ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ നടത്താനും വ്യക്തിത്വം രൂപപ്പെടുത്താനും, ഒരാളുടെ ചിന്തയെയും പ്രവൃത്തിയെയും സ്വയം നിശ്ചയിക്കാനും, മതസ്വാതന്ത്ര്യവും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യമാണ്. ഇതിനെല്ലാം ഒരാള്‍ക്ക് സ്വകാര്യത അത്യാവശ്യമാണ്. സ്വതന്ത്ര്യത്തിനും അഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശത്തില്‍ സ്വകാര്യതയ്ക്കുള്ള അവകാശവും ഉള്‍പ്പെടും.’ അദ്ദേഹം അറിയിച്ചു.

വാദംകേള്‍ക്കല്‍ വ്യാഴാഴ്ചയും തുടരും.

Advertisement