ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ പി ജെ ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശിച്ചു. തോമസിനെ വിജിലന്‍സ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ നടപടികളും വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പി ജെ തോമസിന് കേന്ദ്രവിജിലന്‍സ് കമ്മീഷണറാകാനുള്ള യോഗ്യത ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോകസഭാ പ്രതിപക്ഷനേതാവും അടങ്ങുന്ന സംഘമാണ് കേന്ദ്രവിജിലന്‍സ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തോമസിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനെ സുഷമാ സ്വരാജ് എതിര്‍ത്തിരുന്നു. 2G സ്‌പെക്ട്രം അഴിമതി മറക്കാനാണ് തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കിയത് എന്നും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു.