ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിക്ക് ഉപാധികളോടെ ഇന്ത്യന്‍ തീരം വിടാമെന്ന് സുപ്രീം കോടതി. കേസില്‍ സാക്ഷികളായ നാവികരെ ആവശ്യമുള്ള സമയത്ത് എത്തിക്കണമെന്നും മൂന്ന് കോടിയുടെ ബോണ്ട് ഹൈക്കോടതിയില്‍ നല്‍കണമെന്നും സുപ്രീംകോടതി ഇറ്റാലിയന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് കപ്പല്‍ വിടാന്‍ കോടതി നിര്‍ദേശിച്ചത്.

ബാങ്ക് ഗ്യാരന്റിയായി കേരളാ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ മൂന്ന് കോടി രൂപ കെട്ടിവെയ്ക്കണമെന്നുമുളള ഉപാധിയും കപ്പല്‍ ഉടമകള്‍ അംഗീകരിച്ചിട്ടുണ്ട്. ജസ്റ്റീസ് ആര്‍.എം. ലോധ നേതൃത്വത്തിലുള്ള ബഞ്ചാണ് ഗ്യാരന്റി കെട്ടിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

കപ്പലിലെ ജീവനക്കാര്‍ സമന്‍സ് ലഭിച്ച് അഞ്ച് ആഴ്ചക്കുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ എടുത്ത കേസിനെ ഈ ഉത്തരവ് ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എന്റിക്ക ലെക്‌സി കപ്പലിന് യാത്രാനുമതി നല്‍കുന്നതു സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.കുറ്റവാളികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കപ്പലിനെ ഇന്ത്യന്‍ തീരം വിടാന്‍ അനുവദിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്റിക ലെക്‌സി കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നതിനാല്‍ ദിനംപ്രതി ഭീമമായ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Malayalam News

Kerala News in English