ന്യൂദല്‍ഹി: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്  അച്യുതാന്ദന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. വി.എസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.

Ads By Google

Subscribe Us:

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കാണിച്ചായിരുന്നു വി.എസ് ഹരജി നല്‍കിയത്. എന്നാല്‍ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയില്‍ ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ദിവസം ഭൂമിദാനക്കേസില്‍ വിജിലന്‍സ് സത്യവാങ്മൂലം തയാറാക്കിയിരുന്നു. ഇടപാടില്‍ ക്രമക്കേടും ഔദ്യോഗികസ്ഥാനങ്ങളുടെ ദുരുപയോഗവും നടന്നതായാണ് സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കിയത്.

വി.എസ്സിന്റെ ബന്ധുവും വിമുക്തഭടനുമായ ടി.കെ സോമന് കാസര്‍ഗോഡ് 2.33 ഏക്കര്‍ ഭൂമി നല്‍കിയന്നാണ് വി.എസ്സിനെതിരെയുള്ള കേസ്. വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കാനുള്ള ചട്ടപ്രകാരമായിരുന്നു നടപടി. എന്നാല്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇതേ കേസില്‍ ടി.കെ. സോമനും വി.എസിന്റെ പി.എ സുരേഷ്‌കുമാറും നല്‍കിയ ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ മാസം 31 നാണ് ഇവരുടെ ഹരജി പരിഗണിക്കുക.