ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് സുപ്രീംകോടതി. പുതിയ റിപ്പോര്‍ട്ട് നല്‍കാനും വിദഗ്ധ സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമോ വേണ്ടയോ എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിരോധനവും നിലവിലെ സ്റ്റോക്ക് കൈകാര്യം ചെയ്യുന്നതും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Ads By Google

എന്‍ഡോസള്‍ഫാന്‍ ആത്യന്തികമായി പരിസ്ഥിതി വിഷയമായതിനാല്‍ പരിസ്ഥിതികാര്യങ്ങള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്ക് കേസ് മാറ്റുന്നതായിരിക്കും ഉചിതമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.

എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേരളം കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വില്‍പന അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.