Categories

ഖനന അഴിമതി: യെദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയില്ല

ന്യൂദല്‍ഹി: അനധികൃത ഖനനകേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റീസുമാരായ ടി.എസ്. ഥാക്കൂര്‍, ഇബ്രാഹീം ഖലീഫുള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കര്‍ണാടക ഹൈക്കോടതിയായിരുന്നു യെദ്യൂരപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സി.ബി.ഐയാണ് ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. യെദ്യൂരപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ എന്താണ് തെറ്റെതെന്ന് കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കോടതി അറിയിച്ചു.

Ads By Google

എന്നാല്‍ യെദ്യൂരപ്പയ്ക്ക് മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത് തെറ്റാണെന്നും കേസന്വേഷണത്തെ ഇത് ബാധിക്കുമെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

അതേസമയം അന്വേഷണവുമായി യെദ്യൂരപ്പ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.