ന്യൂദല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെക്കുറിച്ച് കണക്കെടുക്കുന്ന സംഘത്തില്‍പ്പെട്ട ജസ്റ്റിസ് സി.എസ് രാജന്‍ പരസ്യപ്രസ്താവന നടത്തിയതിനെതിരെ സുപ്രീം കോടതി. സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടാനോ അഭിപ്രായപ്രകടനം നടത്താനോ പാടില്ലെന്ന് ജസ്റ്റിസുമാരായ ആര്‍.കെ രവീന്ദ്രന്‍, ജെ.ബി പട്‌നായിക് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

അനാവശ്യ പ്രസ്താവന നടത്തുന്നവരെ പരിശോധന സംഘത്തില്‍ മാറ്റുന്ന കാര്യം പരിഗണിക്കേണ്ടി വരും. നിധി ശേഖരത്തിന്റെ ഫോട്ടോ ഗ്രഫിയും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ എങ്ങനെ സൂക്ഷിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണം. ഈ സമിതിയംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചുകൊണ്ടായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക. പരിശോധന സംഘത്തില്‍ തിരുവിതാംകൂര്‍ രാജാവ് നിശ്ചയിക്കുന്ന പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.