ന്യൂദല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോക്കായി മുഖപടം ഉയര്‍ത്തണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ബുര്‍ഖ മാറ്റുന്നത് മതവിശ്വാസത്തിന് എതിരാണെന്ന വാദം തളളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ , ജസ്റ്റിസ് ദീപക് വര്‍മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇങ്ങിനെ അഭിപ്രായപ്പെട്ടത് . എന്നാല്‍ വിശദമായ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ച കോടതി കേസ് ഇതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കുമ്പോള്‍ ബുര്‍ഖ ധരിച്ച പെണ്‍കുട്ടികള്‍ അവരുടെ മുഖപടം മാറ്റുന്നത് മതവിശ്വാസത്തെ ഹനിക്കുമെന്ന ഹരജിക്കാരുടെ വാദം തള്ളിയ കോടതി മതശാസനയോട് ഇത്രയേറെ വിധേയത്വവും അന്യ പുരുഷന്മാര്‍ മുഖം കാണരുതെന്ന് നിര്‍ബന്ധവുമുണ്ടെങ്കില്‍ വോട്ടെടുപ്പിന് പോകേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.

ബുര്‍ഖ ധരിച്ച് വോട്ടെടുപ്പിന് പോകുന്നത് വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് തടസമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കുമ്പോള്‍ ബുര്‍ഖ ധരിച്ച പെണ്‍കുട്ടികള്‍ അവരുടെ മുഖപടം മാറ്റുമ്പോള്‍ ഫോട്ടോഗ്രാഫറും അവിടെ സന്നിഹിതരായ മറ്റുളളവരും പെണ്‍കുട്ടികളുടെ മുഖം കാണുമെന്നും, ഭര്‍ത്താവല്ലാതെ മറ്റ് അന്യപുരുഷന്മാര്‍ സ്ത്രീകളുടെ മുഖം കാണുന്നത് മതവിധിയുടെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ എം ജെ ഖാന്‍ വാദിച്ചു.

എന്നാല്‍ നേരെത്തെ ഈ വിഷയത്തിലെ മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ അഭിഭാഷക മീനാക്ഷി അറോറയും ഹര്‍ജിക്കാര്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.