ന്യൂദല്‍ഹി: മാവോവാദികളെ നേരിടുന്നതിനായി ആദിവാസികളെ റിക്രൂട്ട് ചെയ്ത് ‘സാല്‍വജുദും’ എന്ന പ്രത്യേക പോലീസ് സേനയെ ഉണ്ടാക്കുന്ന ചത്തീസ്ഗഢ് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്‌നമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സാല്‍വജുദുമിലെ ആദിവാസികളായ പോലീസുകാരെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ) എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിളിക്കുന്നത്. ‘എസ്.പി.ഒ-കള്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളുടെ ആഭ്യന്തരസുരക്ഷ സംവിധാനത്തിന് അനിവാര്യ ഘടകമാണെ’ന്ന് സംസ്ഥാനസര്‍ക്കര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നയത്തെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ‘അത്യന്താധുനിക ആയുധമാണ് അവരുടെ കൈയ്യില്‍ കൊടുക്കുന്നത്. അവരുടെ വിശ്വാസ്യത എങ്ങനെയായിരിക്കും? നിങ്ങള്‍ അപകടം പിടിച്ച കളിയാണ് കളിക്കുന്നത്.’ കോടതി പറഞ്ഞു. ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ചത്തീസ്ഗഢ് സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്.

മുന്‍ മാവോവാദികളെ സംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ രൂപീകരിച്ച പ്രത്യേക മാവോവാദിവിരുദ്ധ സേനയായ ‘കോയാ കമാന്‍ഡോ’സിനെ ഏപ്രില്‍ 18-ാം തായ്യതി സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കോയാ കമാണ്‍ഡോകളെ രൂപീകരിക്കാന്‍ 80% തുക കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഇതിനെയും കോടതി അന്ന് വിമര്‍ശിച്ചിരുന്നു.