ന്യൂദല്‍ഹി: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ മാര്‍ഗരേഖ പുറത്തിറക്കേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിങ്ങിന് നിയന്ത്രണം മാര്‍ഗരേഖ പുറത്തിറക്കുന്ന കാര്യം പരിഗണിക്കുകയായിരുന്നു കോടതി.

Ads By Google

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

മാധ്യമ റിപ്പോര്‍ട്ടിങ്ങില്‍ പരാതിയുള്ള കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാം. അഭിപ്രായ സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും കോടതി വ്യക്തമാക്കി.

അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ബെഞ്ച് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വ്യക്തമായ വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്.

അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതേക്കുറിച്ചും ബോധവാന്‍മാരായിരിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ കോടതിക്ക് റിപ്പോര്‍ട്ടിങ് തടയാം. കോടതിയലക്ഷ്യത്തെ കുറിച്ച് മാധ്യമങ്ങള്‍ ബോധവാന്മാരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

സഹാറ ഗ്രൂപ്പും ഓഹരി വിപണി നിയന്ത്രകരായ സെബിയും തമ്മിലുള്ള തര്‍ക്കത്തിലെ ചില നിര്‍ണായക രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതോടെയാണ് മാധ്യമവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ രൂപീകരിക്കണമെന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലെത്തിയത്.

ചീഫ് ജസ്റ്റീസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ ഡി.കെ ജയിന്‍, എസ്.എസ് നിജ്ജാര്‍, ആര്‍.പി ദേശായി, ജെ.എസ്. കെഹാര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.