എഡിറ്റര്‍
എഡിറ്റര്‍
മുല്ലപ്പെരിയാര്‍: കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Friday 5th October 2012 11:29am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഉന്നതാധികാര സമിതിയുടെ റിപ്പോട്ടിന് മറുപടി നല്‍കാന്‍ കേരളം രണ്ടുമാസം കൂടി സമയം ചോദിച്ചപ്പോഴായിരുന്നു വിമര്‍ശനം.

കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്‍മേല്‍ പുതിയ തെളിവുകള്‍ സ്വീകരിക്കില്ലെന്നും കോടതി പറഞ്ഞു.

Ads By Google

ഉന്നതാധികാര സമിതി റിപ്പോട്ടിന് മറുപടിയായി വാദങ്ങള്‍ എഴുതി നല്‍കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ തെളിവുകളോ പഠനങ്ങളോ മറുപടിയില്‍ ഉള്‍പ്പെടുത്തരുത്.

വളരെ നിലവാരമുള്ള ഉന്നത സമിതിയാണ്‌ മുല്ലപ്പെരിയാര്‍ കേസില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു.

ഇവരുടെ പഠനങ്ങളില്‍ എതിര്‍വാദം കൊണ്ടുവരുന്നത്‌ ശരിയല്ലെന്നും അത് കേസ്   അനന്തമായി നീളാന്‍ ഇടയാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് അടുത്തമാസം അഞ്ചിന്‌ പരിഗണിക്കും. അന്തിമവാദം കേള്‍ക്കുന്നത് എന്നാണെന്ന് അന്ന്‌ തീരുമാനിക്കും.

സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി പഠനം നടത്തിയ സാഹചര്യത്തില്‍ പുതിയ പഠനം എന്തിനാണെന്ന് കോടതി ആരാഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി സമര്‍പ്പിച്ചിരുന്നു.

ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ കഴിഞ്ഞമാസം 24 ന് കോടതി ഇരുസംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. ആയിരത്തിഇരുനൂറോളം പേജുള്ള രേഖകളും 60 മണിക്കൂറോളം വരുന്ന വിഡിയോകളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പഠിച്ച് മറുപടി സമര്‍പ്പിക്കാന്‍ രണ്ട് മാസമെങ്കിലും വേണമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.

എന്നാല്‍ കൂടുതല്‍ തെളിവുകളും പഠന റിപ്പോര്‍ട്ടുകളും നിരത്തി ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളെ എതിര്‍ക്കുവാന്‍ ആയിരുന്നു കേരളത്തിന്റെ നീക്കം. ഇതിനുവേണ്ടിയാണ് കേരളം സമയം ചോദിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ നിലപാട് കേരളത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവും.

Advertisement