ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Ads By Google

Subscribe Us:

ബാറുകള്‍ക്ക് ദൂരപരിധി ഏര്‍പ്പെടുത്തിയ വ്യവസ്ഥയും നക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയതുമായ വ്യവസ്ഥകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്. നിബന്ധനകള്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ നടപടിയെ ചോദ്യംചെയ്ത് നെടുമങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനുവാണ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് വിശദീകരണം നല്‍കാനായി മൂന്നാഴ്ചത്തെ സമയം ഹരജി പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്.

2012-2013 വര്‍ഷത്തില്‍ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ എന്നതായിരുന്നു ഭേദഗതി. 2013ല്‍ ഇത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ചുരുക്കും. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലും മുന്‍സിപ്പാലിറ്റികളില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും മാത്രമേ പുതിയ ബാറുകള്‍ അനുവദിക്കൂ എന്നും ഭേദഗതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു.