ന്യൂദല്‍ഹി: ‘അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞു നാറുന്നു, ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു’-അലബഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങളാണിത്. അഴിമതിയെക്കുറിച്ചും ജഡ്ജിമാരുടെ സ്വഭാവശുദ്ധിയെക്കുറിച്ചും സുപ്രീംകോടതി നിശിതവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ജസ്റ്റിസ് മാര്‍ക്കണഠേയ കാട്ജുവും ഗ്യാന്‍ സുധ മിശ്രയും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്.

‘ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു’വെന്ന് ഷേക്‌സ്പിയര്‍ ഹാംലറ്റില്‍ എഴുതിയിരുന്നു. ഇത് ഉദ്ധരിച്ചാണ് അലഹബാദ് ഹൈക്കോടതിയിലെ അഴിമതിയെക്കുറിച്ച് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്. ലഖ്‌നൗവിലെ വഖഫ് ബോര്‍ഡ് ഭൂമി സര്‍ക്കസ് നടത്താന്‍ വിട്ടുകൊടുത്ത ഹൈക്കോടതിവിധി സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിശിതവിമര്‍ശനം.

ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ മക്കളും ബന്ധുക്കളും ഇതേ കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. പ്രാക്ടീസ് തുടങ്ങി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരുടെ ബാങ്ക് അക്കൗണ്ടും സ്വത്തുവകകളും വന്‍തോതില്‍ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു-സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയെക്കുറിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ദു:ഖമുണ്ടെന്നും എങ്കിലും അഴിമതിയെക്കുറിച്ചുള്ള കഥകള്‍ ദിനംപ്രതി പുറത്തുവരുന്നത് ആശങ്കയുളവാക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ശുദ്ധികലശം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി ചീഫ്ജസ്റ്റിസ് മുന്‍കൈയ്യെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.