ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘാംഗങ്ങളുടെ എണ്ണവും സംഘാംഗങ്ങളെ തിരഞ്ഞെടുത്ത മാനദണ്ഡവും സംബന്ധിച്ച വിശദാംശങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ സൗദിയുമായി കരാര്‍ ഒപ്പിട്ട ശേഷം നിലപാട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് രണ്ടിനാണ് സൗദിയുമായി ഇന്ത്യ കരാറിലെത്തുക.

പുതിയ ഹജ്ജ് നയം രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഹജ്ജ് ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം കൊണ്ടുവരണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്

Subscribe Us:

കഴിഞ്ഞ പത്തുവര്‍ഷത്തെ വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. അതേസമയം, പുതിയ ഹജ്ജ് നയം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി കൂടുതല്‍ സമയമനുവദിച്ചു. രണ്ടാഴ്ചയ്ക്കകം സൗദിയുമായുള്ള ഹജ്ജ് ക്വാട്ട സംബന്ധിച്ച കരാര്‍ ഒപ്പിട്ടശേഷം നിലപാട് അറിയിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഹജ്ജ്ക്വാട്ട, ഹജ്ജ് സബ്‌സിഡി, എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേന്ദ്രം അഭിപ്രായമറിയിക്കേണ്ടത്. ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹജ്ജ് സ്വതന്ത്രസംഘത്തെ മോശം മതാചാരമെന്ന് അടുത്തിടെ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും 23 അംഗ സൗഹൃദസംഘം ഹജ്ജിനായി പുറപ്പെട്ടിരുന്നു. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്‌നേതാവ് എം.എ ഷാനവാസ് എം.പിയും ഭാര്യയും പാണക്കാട് സെയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സംഘത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ ചിലവില്‍ സ്വന്തക്കാര്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കുന്നതാണ് വിമര്‍ശനത്തിന് വിധേയമായത്്.

2002ലാണ് അവസാനമായി ‘സമഗ്ര’ ഹജ്ജ് നിയമം കൊണ്ടുവന്നത്. കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ രൂപവത്കരണവും ചുമതലകളും അധികാരങ്ങളും നിര്‍ണയിക്കുന്നതായിരുന്നു ഈ നിയമനിര്‍മാണം.ഹാജിമാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, അവരുടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക, പുണ്യഭൂമിയില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക ഇത്രമാത്രമാണ് കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ ചുമതല.

എന്നാല്‍, ഹജ്ജിനായി ഒരു പ്രത്യേക ഉപമന്ത്രി പോയിട്ട്, ഒരു ജോയിന്റ് സെക്രട്ടറിയെ പോലും നാളിതുവരെയായി നിയമിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും ആരോപണമുണ്ടായിരുന്നു.

Malayalam News

Kerala News In English