ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതിനിടെ മഅദനിക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ വിചാരണകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കാഡ്ജു, ടി എസ് താക്കൂര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മഅദനി ജാമ്യാപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഉടനേ പരിഗണിക്കണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ സമയത്തെ പരാമര്‍ശങ്ങള്‍ ഇതിനെ ബാധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബാംഗ്ലൂര്‍ കേസില്‍ തന്നെ പ്രതിയാക്കിയിരിക്കുന്നത് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചായിരുന്നു മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31 ്ാം പ്രതിയാണ് മഅദനി.