ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി. ഏപ്രില്‍ 30 വരെയാണ് കാലാവധി നീട്ടിയത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സമിതിയുടെ ആവശ്യം പരിഗണിച്ചാണിത്. ഈ മാസം 29 ന് സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.

അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ അളവ് കണ്ടെത്താനുളള പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഇത് പൂര്‍ത്തിയാകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കണമെന്ന് സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് എ.എസ് ആനന്ദ് അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ചത്. 2012 ഫിബ്രവരിയില്‍ ഉന്നതാധികാര സമിതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍ ഇരുസംസ്ഥാനങ്ങളും സഹകരിക്കുന്നില്ലെന്ന് ഉന്നതാധികാര സമിതിയുടെ ആവശ്യം പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു. ഉന്നതാധികാര സമിതിയുടെ സിറ്റിംഗുകളില്‍ പങ്കെടുക്കുക മാത്രമാണ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെയും തമിഴ്‌നാടിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഇരു സംസ്ഥാനങ്ങളും സമിതിയുമായി സഹകരിക്കണമെന്നും സിറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് മാത്രം സഹകരണം ആയി കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഉന്നതാധികാര സമിതി തമിഴ്‌നാടിനെതിരെയാണ് രൂക്ഷമായ വിമര്‍ശനം നടത്തിയത്. അണക്കെട്ട് തുരന്നുള്ള പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടും അതിനു പണം നല്‍കാതെ തമിഴ്‌നാട് മൂന്നു മാസത്തോളം വിദഗ്ധ സമിതിയുടെ പരിശോധന തടസ്സപ്പെടുത്തി. പരിശോധന തുടങ്ങിയ ശേഷവും തമിഴ്‌നാട് വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സര്‍ക്കാരും പരിശോധനയോട് വേണ്ട സഹകരണം കാണിച്ചില്ലെന്നും ആക്ഷേപത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജലവിഭവമന്ത്രി പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു സംഘം വിധി കേള്‍ക്കുന്നതിനായി സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

Malayalam news

Kerala news in English