ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം ലേലത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി. ലേലത്തുക കുറഞ്ഞതിലാണ് കോടതിക്ക് അതൃപ്തി. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് ലേലത്തുക കുറഞ്ഞുപോയതെന്ന് വിലയിരുത്തിയ കോടതി സര്‍ക്കാറിന്റെ സത്യവാങ്മൂലം തള്ളുകയും ചെയ്തു.

Ads By Google

വിഷയത്തില്‍ രണ്ട് ദിവസത്തിനകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

രണ്ടാഴ്ച മുമ്പ് നടന്ന ലേലത്തില്‍ 40,000 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും 9,407 കോടി രൂപ മാത്രമാണ് ലഭിച്ചത്. ലേലത്തിന് അഖിലേന്ത്യാ തലത്തില്‍ ഒറ്റ കമ്പനിയും വന്നിരുന്നില്ല. ദല്‍ഹി, മുംബൈ പോലുള്ള സര്‍ക്കിളുകള്‍ ലേലത്തില്‍ പോകാതിരുന്നതും തിരിച്ചടിയായി.

ലേലത്തില്‍ നിന്നുള്ള തുക കുറഞ്ഞത് ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാറിന്റെ ശ്രമത്തിന് തിരിച്ചടിയാകുമെന്നും കോടതി വിലയിരുത്തി. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളില്‍ 18 എണ്ണത്തിലും ടെലികോം കമ്പനികള്‍ ലേലം വിളിച്ചെങ്കിലും പലയിടത്തും ചുരുക്കം ബ്ലോക്കുകള്‍ മാത്രമേ വിറ്റുപോയിരുന്നുള്ളൂ.

കേരളത്തില്‍ നിന്ന് ആകെ ഒരു ബ്ലോക്ക് മാത്രമാണ് വിറ്റുപോയത്.