ന്യൂദല്‍ഹി: മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഒരുമാസത്തേക്കാണ് സ്‌റ്റേ. ഈ കാലയളവില്‍ എം പിയെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൊടിക്കുന്നിലിന് കൈപ്പറ്റാമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നിലിനോട് തോറ്റ സി പി ഐ സ്ഥാനാര്‍ത്ഥി ആര്‍ എസ് അനിലും മൂന്നുപേരുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. സുരേഷ് മലങ്ക കത്തോലിക്കാസഭ അംഗമാണെന്നും തിരഞ്ഞെടുപ്പിന് നിയമസാധുതയില്ലെന്നും ആര്‍ എസ് അനില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അന്തിമവിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.