ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ നിയമസഭാ മന്ദിരം മാറ്റുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Ads By Google

നിയമസഭാ മന്ദിരം ഫോര്‍ട്ട് സെന്റ് ജോര്‍ജിലെ പഴയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ജയലളിത സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹരജി സമര്‍പ്പിച്ചത്.

നിയമസഭയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനം മറികടക്കാനാണ് ജയലളിതയുടെ നടപടിയെന്ന വാദം ഹരജിയില്‍ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും അതിനാല്‍ കോടതിക്ക് ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

പരാതി മറ്റൊരു ഫോറത്തില്‍ ഉന്നയിക്കാവുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി തീരുമാനം ശരിവെച്ചിരുന്നു. ഇതിനെതിരേയാണ് ഡിഎംകെ നേതാവ് ആര്‍. വീരമണി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

കോടികള്‍ മുടക്കിയാണ് കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുതിയ മന്ദിരം നിര്‍മിച്ചത്. എന്നാല്‍ ജയലളിത അധികാരത്തിലെത്തിയ 2011 മെയില്‍ തന്നെ നിയമസഭയുടെ പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ തുടരാനും പുതിയ കെട്ടിടം സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കാനും തീരുമാനിക്കുകയായിരുന്നു.