മുംബൈ:  മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ താത്ക്കാലികം മാത്രമാണെന്ന് ശിവസേന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ കസേരയുടെ ഉറപ്പ് ശിവസേനയുടെ പിന്തുണയുടെ അടിസ്ഥാനത്തിലാണെന്നും ഇത് അദ്ദേഹം മറക്കരുതെന്നും ശിവസേന മുഖപത്രമായ സാമ്‌ന പറയുന്നു.

മുഖ്യമന്ത്രി പദത്തിന് ഉറപ്പില്ലാത്ത ഫട്‌നാവിസ് വാഗ്ദാനങ്ങള്‍ നടത്തുകയാണെന്നും മഹാരാഷ്ട്രയുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴുള്ള പിന്തുണയെന്നും സാമ്‌ന പറയുന്നു.

അധികാരത്തില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ വോട്ടിന് വേണ്ടി തെണ്ടേണ്ട അവസ്ഥ ഫട്‌നാവിസിന് ഉണ്ടാകില്ലായിരുന്നെന്നും സാമ്‌ന പറയുന്നു.


Read more: മോദിയുടെ ‘ഖബര്‍സ്ഥാന്‍’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കുന്നു


വ്യാജ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രചരിപ്പിച്ചടക്കം ബി.ജെ.പി കള്ളപ്രചരണം നടത്തുകയാണെന്ന് ശിവസേന യുവവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. വ്യാജപ്രചരണം നടത്തുന്ന എം.എല്‍.എമാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ആദിത്യ താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ‘മിനി അസംബ്ലി തെരഞ്ഞെടുപ്പ്’ ആയി വിലയിരുത്തപ്പെടുന്ന മുംബൈ സിവിക് പോളില്‍ 1.94 കോടി വോട്ടര്‍മാരാണ് വോട്ടു ചെയ്യുന്നത്.